വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥ സർവീസിൽ നിന്നും വിരമിച്ചത് കടബാധ്യത തീർത്ത് നൽകി; മാതൃകയായി മേഴ്സി ചെറിയാൻ

കോഴിക്കോട്: കടക്കെണിയിലായ കിടപ്പാടം ജപ്തി ചെയ്യാൻ  നാല് വർഷം മുമ്പ് എത്തിയ റിക്കവറി ഓഫീസർ കഴിഞ്ഞ ദിവസം ബാങ്കിൽനിന്നു വിരമിച്ചത് ആ കുടുംബത്തിന്റെ ബാധ്യതകൾ അടച്ചു തീർത്ത്  ആധാരം തിരിച്ചേൽപിച്ച ശേഷം. കൊയിലാണ്ടി താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറി വേങ്ങേരി ഗ്രീഷ്മത്തിൽ മേഴ്സി ചെറിയാനാണ്  മാതൃകാപരമായ തീരുമാനത്തിന് ശേഷം  സർവീസിൽ നിന്നും പടിയിറങ്ങിയത്.  ബാലുശ്ശേരി പുത്തൂർവട്ടം കവുങ്ങിൻതോട്ടത്തിൽ ജാനുവിനും മകൾക്കുമാണ് നഷ്ടപ്പെടുമെന്ന് കരുതിയ കിടപ്പാടം മേഴ്സി ചെറിയാൻ വീണ്ടെടുത്ത് നൽകിയത്. 


2016ൽ ആണ് ജാനു കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നു 75,000 രൂപ വായ്പ എടുത്തത്. തിരിച്ചടയ്ക്കാനാവാതെ വന്നതോടെ മുതലും പലിശയും വർധിച്ച് കിടപ്പാടം ജപ്തി ഭീഷണിയിലായി. 2022ൽ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന നടപടികൾക്കായി സെയിൽ ഓഫിസർക്കൊപ്പം അന്ന് റിക്കവറി ഓഫിസർ ആയിരുന്ന മേഴ്സി ചെറിയാനും എത്തി. അന്ന് ജാനുവിൻ്റെയും കുടുംബത്തിൻ്റെയും അവസ്ഥ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു.  അദാലത്തിലൂടെ വായ്പ തീർപ്പാക്കാൻ ബാങ്ക് അവസരം നൽകിയെങ്കിലും ജാനുവിനും കുടുംബത്തിനും വായ്പ അടച്ചു തീർക്കാനാകുന്ന അവസ്ഥയിലായിരുന്നില്ല.  ഇവരുടെ ലോൺ പുതുക്കി നൽകിയ ശേഷം മാസത്തവണകൾ സ്വന്തം ശമ്പളത്തിൽ നിന്നും മേഴ്സി  ചെറിയാൻ അടച്ചു തുടങ്ങി. വിരമിച്ചാൽ ബാക്കി ഗഡു അടയ്ക്കാൻ പ്രയാസമാകുമെന്ന് കരുതിയാണ്  അവശേഷിച്ച മുഴുവൻ  തുകയും വിരമിക്കുന്നതിന്റെ തലേന്ന് അടച്ച് തീർപ്പാക്കിയത്. 

ഇതിനായി കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനിൽ (കെസിഇയു) നിക്ഷേപിച്ചിരുന്ന തുകയാണ് മേഴ്സി വിനിയോഗിച്ചത്. ജാനുവും മകളും ആധാരം തിരികെ വാങ്ങാ‍ൻ എത്തിയപ്പോഴാണ് അസിസ്റ്റന്റ് സെക്രട്ടറിയാണു ഈ ബാധ്യതകൾ തീർപ്പാക്കിയതെന്ന് മറ്റു ജീവനക്കാരും അറിഞ്ഞത്. ആധാരം തിരികെ നൽകിയ ശേഷം മേഴ്സി ചെറിയാ‍ൻ വിരമിക്കുകയാണെന്ന് മനസ്സിലായതോടെ ജാനുവിനും മകൾ പുഷ്പയ്ക്കും സങ്കടം അടക്കാനായില്ല.

29 വർഷം മുൻപ് ക്ലാർക്ക് ആയാണ്  മേഴ്സി ചെറിയാൻ കൊയിലാണ്ടി താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിൽ ജോലിയിൽ പ്രവേശിച്ചത്.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here