കേരളത്തിലെ സഹകരണ സൊസൈറ്റികളിലും ബാങ്കുകളിലും ഇ.ഡി പരിശോധന; വിവിധ ജില്ലകളിൽ ഒരേസമയം റെയ്ഡ്
ശ്യാം സരസ്വതി
കൊച്ചി: കേരളത്തിലെ സഹകരണ സൊസൈറ്റികളിലും ബാങ്കുകളിലും നടന്ന സാമ്പത്തിക ക്രമക്കേട് കേസുകളിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). തൃശൂർ, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും ഇതുമായി ബന്ധപ്പെട്ടവരുടെ വീടുകളിലുമാണ് ഇ.ഡി സംഘം ഒരേസമയം പരിശോധന നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) രജിസ്റ്റർ ചെയ്ത കേസുകളുടെ തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് ഇ.ഡി വൃത്തങ്ങളിൽ നിന്നുള്ള വിവരം. കേരളത്തിനൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് പരിശോധന.
അങ്കമാലി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക്, തെന്നല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. ബാങ്ക് ഓഫീസുകൾക്ക് പുറമെ നിലവിലെയും മുൻ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മുൻ ജീവനക്കാരുടെയും വീടുകളിലും പരിശോധന തുടരുകയാണ്.
എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ സഹകരണ സൊസൈറ്റിയുമായി ബന്ധപ്പെട്ട് അഞ്ച് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. വ്യാജ വായ്പകൾ അനുവദിച്ചതിലൂടെ സൊസൈറ്റിയിൽ 121 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി നേരത്തെ ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് ഭരണസമിതി അംഗങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. സൊസൈറ്റിയിലെ മുൻ അക്കൗണ്ടന്റായ ഷിജുവിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വ്യാജ വായ്പകൾ അനുവദിക്കുന്നതിൽ ഷിജുവിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
തൃശൂരിൽ കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ വിവിധ ശാഖകളിലും മുൻ ബാങ്ക് പ്രസിഡന്റിന്റെയും ഭരണസമിതി അംഗങ്ങളുടെയും വീടുകളിലും പരിശോധന നടക്കുന്നു. അഞ്ചേരി ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് എന്നിവിടങ്ങളിലെ ശാഖകളും പരിശോധനയുടെ പരിധിയിലുണ്ട്. കോഴിക്കോട് ജില്ലയിൽ ഏഴ് കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നതായാണ് വിവരം. മലപ്പുറം ജില്ലയിലും തെന്നല സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വ്യക്തികളുടെ വീടുകളിലും ഇ.ഡി പരിശോധന തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment