എഥനോള്‍, വൈദ്യുതി, മൂലധനം: പഞ്ചസാര സഹകരണ മില്ലുകളെ പുനരുജ്ജീവിപ്പിക്കാനൊരുങ്ങി എന്‍.സി.ഡി.സി
അശ്വതി ആര്. പിള്ള
സഹകരണ പഞ്ചസാര മില്ലുകളെ പുനരുജ്ജീവിപ്പിക്കാനും, ആധുനികവല്‍ക്കരിക്കാനും, ശക്തിപ്പെടുത്താനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളില്‍ പ്രധാന സാമ്പത്തിക പങ്കാളിയായി നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്പ്പറേഷന് (എന്‍.സി.ഡി.സി). പരമ്പരാഗത പഞ്ചസാര ഉല്‍പ്പാദനത്തിനപ്പുറം, സംയോജിതവും സാമ്പത്തികമായി സുസ്ഥിരവുമായ ഗ്രാമീണ സംരംഭങ്ങളായി പഞ്ചസാര മില്ലുകളെ മാറ്റാനാണ് എന്‍.സി.ഡി.സിയുടെ നീക്കം.
സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള സഹകരണ പഞ്ചസാര ഫാക്ടറികള്‍ക്ക് എഥനോള്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും, കോ-ജനറേഷന് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും, പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് എന്‍.സി.ഡി.സി സാമ്പത്തിക സഹായം നല്‍കുന്നത്. മില്ലുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, വരുമാന മാര്‍ഗങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുക, കരിമ്പ് കര്‍ഷകര്‍ക്ക് കൃത്യസമയത്ത് പണം നല്‍കുന്നത് ഉറപ്പാക്കുക, സഹകരണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
എന്‍.സി.ഡി.സിയുടെ ഗ്രാന്റ്-ഇന്‍-എയ്ഡ് എന്ന പദ്ധതിയിലൂടെയാണ് പഞ്ചസാര മില്ലുകകള്ക്ക് ഗ്രാന്റ് അനുവദിക്കുന്നത്. ഈ പദ്ധതി പ്രകാരം, കേന്ദ്ര സര്‍ക്കാര്‍ രണ്ട് ഗഡുക്കളായി 1,000 കോടി രൂപ ഗ്രാന്റായി എന്‍.സി.ഡി.സി.ക്ക് നല്കി. ഇത് വഴി കോര്പ്പറേഷന് വിപണിയില്‍ നിന്ന് കൂടുതല്‍ വിഭവങ്ങള്‍ സമാഹരിക്കാനും സഹകരണ പഞ്ചസാര ഫാക്ടറികള്‍ക്ക് 10,000 കോടി രൂപ വരെ വായ്പ നല്‍കാനും സാധിച്ചു. 2026 ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പങ്കുവെച്ച വിവരങ്ങള്‍ അനുസരിച്ച്, എന്‍.സി.ഡി.സി. രാജ്യത്തുടനീളമുള്ള 56 സഹകരണ പഞ്ചസാര മില്ലുകള്‍ക്ക് 10,005 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. മൊത്തം സഹായത്തില്‍, 251.40 കോടി രൂപ എഥനോള്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും, 97.12 കോടി രൂപ കോ-ജനറേഷന് വൈദ്യുതി പദ്ധതികള്‍ക്കും, 9,656.90 കോടി രൂപ പ്രവര്‍ത്തന മൂലധനമായും നല്‍കിയിട്ടുണ്ട്.
കരിമ്പ് നീരും മൊളാസസും എഥനോളാക്കി മാറ്റുന്നതിലൂടെ, മില്ലുകള്‍ക്ക് അധിക വരുമാനം നേടാനും പരമ്പരാഗത പഞ്ചസാര വില്‍പ്പനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിയും. എണ്ണ വിപണന കമ്പനികളുടെ എഥനോള്‍ സംഭരണത്തില്‍ സഹകരണ പഞ്ചസാര മില്ലുകളെയും സ്വകാര്യ കമ്പനികള്‍ക്ക് തുല്യമായാണ് പരിഗണിക്കുന്നത്.
എഥനോള്‍ പദ്ധതികള്‍ക്കുള്ള ഫണ്ടിംഗ് രീതി 90:10 എന്ന അനുപാതത്തിലേക്ക് പരിഷ്കരിച്ചുകൊണ്ട് എന്‍.സി.ഡി.സി. അതിന്റെ ധനസഹായം കൂടുതല്‍ പ്രാപ്യമാക്കിയിട്ടുണ്ട്. അതായത്, പദ്ധതി ചെലവിന്റെ 90 ശതമാനം വരെ കോര്പ്പറേഷന് ധനസഹായം നല്‍കാം, ബാക്കി 10 ശതമാനം സഹകരണ സംഘം വഹിക്കണം, ഇത് പദ്ധതിയുടെ പ്രവര്‍ത്തനക്ഷമതയ്ക്ക് വിധേയമാണ്.
നിലവിലുള്ള മൊളാസസ് അധിഷ്ഠിത എഥനോള്‍ പ്ലാന്റുകളെ മള്‍ട്ടി-ഫീഡ്സ്റ്റോക്ക് സൗകര്യങ്ങളാക്കി മാറ്റുന്നതാണ് മറ്റൊരു പ്രധാന പദ്ധതി. ഇതുവഴി മില്ലുകള്‍ക്ക് ചോളം, കേടായ ഭക്ഷ്യധാന്യങ്ങള്‍, മറ്റ് ബദല്‍ അസംസ്കൃത വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാന്‍ കഴിയും, ഇത് സീസണല്‍ കരിമ്പ് ലഭ്യതയെ ആശ്രയിക്കുന്നത് കുറയ്ക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്കും എന്‍.സി.ഡി.സി. സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. കൂടാതെ അര്‍ഹരായ സഹകരണ മില്ലുകള്‍ക്ക് പലിശ സബ്സിഡിയും നല്കുന്നു.
കൂടാതെ കോ-ജനറേഷന് പ്ലാന്റുകള്‍ വഴി, ഫാക്ടറികള്‍ക്ക് കരിമ്പ് ചണ്ടിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും, സ്വന്തം വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാനും, അധിക വൈദ്യുതി വില്‍ക്കാനുള്ള അവസരം സൃഷ്ടിക്കാനും കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment