നാലര പതിറ്റാണ്ടിന്‍റെ തൊഴിലാളി ചരിത്രത്തിന് വിട; ദിനേശ് ബീഡി പെരിയ ബ്രാഞ്ച് പ്രവർത്തനം അവസാനിപ്പിച്ചു
ശ്യാം സരസ്വതി
കാസർകോഡ്: പതിറ്റാണ്ടുകളോളം പെരിയയുടെ തൊഴിലാളി-സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായിരുന്ന ദിനേശ് ബീഡി പെരിയ ബ്രാഞ്ചിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. 1981ൽ പ്രവർത്തനം ആരംഭിച്ച ബ്രാഞ്ച്, നാലര പതിറ്റാണ്ടിനിടെ പ്രദേശത്തെ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്‍റെ വളർച്ചയിൽ നിർണായക പങ്കാണ് വഹിച്ചത്. കേവലം ഒരു തൊഴിൽ കേന്ദ്രം എന്നതിലുപരി പെരിയയിലെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളുടെ പ്രധാന വേദിയായിരുന്നു ദിനേശ് ബീഡി ബ്രാഞ്ച്. തൊഴിലാളികളുടെ കൂട്ടായ്മയും സംഘടനാ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിലും പ്രദേശത്തെ സാമൂഹിക മുന്നേറ്റങ്ങൾക്ക് പിന്തുണ നൽകുന്നതിലും ബ്രാഞ്ച് നിർണായക സാന്നിധ്യമായി.
കോട്ടച്ചേരി ദിനേശ് ബീഡി സഹകരണസംഘത്തിന് കീഴിൽ 1981 ജനുവരി 15ന് പെരിയ ബസാറിൽ പരേതനായ ഇസ്ഹാക്കിന്റെ വീടിന്റെ വരാന്തയോട് ചേർന്നുള്ള ഷെഡിലാണ് ബ്രാഞ്ചിന്‍റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1994ൽ 14 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം നിർമിച്ചു. ആദ്യകാലത്ത് 35 തൊഴിലാളികൾ വരെ ബ്രാഞ്ചിന് കീഴിൽ ജോലി ചെയ്തിരുന്നു. കാലക്രമേണ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. നിലവിൽ ജോലി ചെയ്തിരുന്ന കെ. ശോഭ, കെ.വി. അംബിക, ടി. ലക്ഷ്മി, കെ. നാരായണി എന്നിവരെ പുല്ലൂർ ബ്രാഞ്ചിലേക്ക് മാറ്റിയതോടെയാണ് പെരിയ ബ്രാഞ്ചിന്റെ പ്രവർത്തനം പൂർണമായി അവസാനിച്ചത്.
കോട്ടച്ചേരി ദിനേശ് ബീഡി സഹകരണസംഘം പ്രസിഡന്റായിരുന്ന എം. കുഞ്ഞമ്പുവിന്റെ കാലത്ത് ബ്രാഞ്ചിനോടനുബന്ധിച്ച് മെഡിസിറ്റിക്കും തുടക്കമിട്ടിരുന്നു. എന്നാൽ പിന്നീട് ഡോക്ടർമാരുടെയും രോഗികളുടെയും അഭാവത്തെ തുടർന്ന് മെഡിസിറ്റിയുടെ പ്രവർത്തനം നിലച്ചു. ഒരു തൊഴിൽ സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിക്കുന്നതിനപ്പുറം, പെരിയയുടെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു അധ്യായത്തിനാണ് ഇതോടെ തിരശീല വീഴുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment