ഗാന്ധിജിയെ കണ്ട അഴീക്കോട് ! independence day special
മലയാളത്തിന്റെ അനശ്വരനായ പ്രഭാഷകൻ ഡോ: സുകുമാർ അഴീക്കോട് മഹാത്മാ ഗാന്ധിയെ നേരിൽ കണ്ട അനുഭവം പങ്കുവെക്കുന്ന ഒരു ഭാഗം അദ്ദേഹത്തിന്റെ "അഴീക്കോടിന്റെ ആത്മകഥ ' എന്ന പുസ്തകത്തിൽ ഉണ്ട് . രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 -മത് വാർഷികം ആഘോഷിക്കുന്ന ഈ മുഹൂർത്തത്തിൽ അഴീക്കോട് മാഷ് ഹൃദയത്തിൽ ചാലിച്ചെഴുതിയ ഈ വാക്കുകൾ നമുക്ക് പുത്തനുണർവ് നൽകും .

അഴീക്കോടിന്റെ ആത്മകഥയിൽ നിന്നും ...
എന്റെ എല്ലാ ഇന്ദ്രിയങ്ങളെയും ആകർഷിച്ചു കൊണ്ട് ഗാന്ധിജി തൊടാവുന്ന അകലത്തിൽ ഇരിക്കുമ്പോഴുള്ള ഉള്ളുലച്ചിൽ പറഞ്ഞറിയിക്കാൻ വയ്യ !. ജവഹർലാലിന്റെ നേതൃത്വത്തിൽ ഇടക്കാല ഭരണം ഡൽഹിയിൽ വാഴുന്ന കാലം.ആസന്നമായ സ്വാതന്ത്ര്യത്തിന്റെ ആവേശത്തിൽ വികാരം കൊണ്ട രാഷ്ട്രീയ നേതാക്കൾ തലസ്ഥാന പുരിയിൽ തമ്പടിച്ചു കഴിയുമ്പോൾ ആ അധികാര കേന്ദ്രങ്ങളിൽ നിന്നു വളരെ മാറി വിജനവും അതി ശാന്തവുമായ ഒരു വലിയ കുടിലിൽ ചർക്ക തിരിച്ചു കഴിയുന്ന മഹാനുഭാവനെ ഞാൻ ഇരു കൺ നിറയെ കണ്ടു.പൂച്ച രാജാവിനെ നോക്കിയിരുന്നതുപോലെ ഞാൻ രാജവല്ലാത്ത ആ മഹാരാജാവിനെ നോക്കിയിരുന്നു.മഹാരാജാവ് ,ആശ്ചര്യമെന്നു പറയട്ടെ ,ഈ പൂച്ചയേയും ചർക്ക തിരിക്കുന്ന തിരക്കിനിടയിൽ നോക്കിയിരുന്നു .മാത്രമല്ല തന്റെ സുപ്രസിദ്ധമായ പല്ലു പോയ മോണ കാട്ടി ചിരിക്കുകയും ചെയ്തു .അപ്പോഴാണ് എനിക്ക് ഒരു നവജൻമം കിട്ടിയത്.എന്റെ ഈ ഭൗതിക ശരീരത്തിൽ അനശ്വരതയുടെ വല്ല കണികയും ഇന്ന് നില നിൽക്കുന്നുണ്ടെങ്കിൽ അത്
ചൈതന്യദായകമായ ആ മഹാ ദർശനത്തിന്റെ ഫലമായിരിക്കണം.
ചൈതന്യദായകമായ ആ മഹാ ദർശനത്തിന്റെ ഫലമായിരിക്കണം.

ദർശനത്തിനു പുറമെ മഹാത്മാവിന്റെ ഉപദേശവും എനിക്ക് അവിടെ വെച് കിട്ടി. ദർശന ഭാഗ്യം നേരിട്ട് സിദ്ധിച്ചെങ്കിൽ ശ്രവണ ഭാഗ്യം മറ്റൊരാളുടെ ശബ്ദത്തിൽ എനിക്ക് ലഭിച്ചു -ആര്യനായകത്തിന്റെ ശബ്ദത്തിലൂടെ.ഗാന്ധിജിയുടെ വർധ വിദ്യാഭ്യാസ പദ്ധതിയുടെ മുഖ്യ പ്രചാരകരിൽ ഒരാളായിരുന്നു അദ്ദേഹം .എനിക്ക് ആശ്രമത്തിൽ അന്തേവാസിയായി കഴിഞ്ഞാൽ കൊള്ളാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഉടനെ വന്നു ."ആശ്രമത്തിൽ എന്തിനാണ് കഴിയാൻ ആഗ്രഹിക്കുന്നത് ? നിങ്ങളുടെ ഗ്രാമത്തിന് നിങ്ങളെ ആവശ്യമുണ്ട്".മഹാത്മാവിന്റെ ശബ്ദമാണ് അത് ,അദ്ദേഹത്തിന്റെ ഉപദേശമായി അത് ഞാൻ സർവാത്മനാ കൈക്കൊണ്ടു .ജവഹർലാൽ നെഹ്‌റു ഇംഗ്ലണ്ടിൽ നിന്നും തിരിച്ചു വന്നപ്പോൾ ഗാന്ധിജി കൊടുത്ത ഉപദേശവും ഇത് തന്നെയായിരുന്നു . "ഗ്രാമങ്ങളിലേക്ക് പോവുക, മറ്റെവിടെയുമല്ല ഇന്ത്യ സ്പന്ദിക്കുന്നത്" .

ഒരു യാത്രയിൽ കാണാൻ കഴിഞ്ഞത് രണ്ടു ലോകങ്ങൾ ഒന്ന് ഡൽഹി പ്രതിനിധാനം ചെയ്യുന്ന അധികാര മത്സരത്തിന്റെയും ധനാർജന വ്യഗ്രതയുടെയും ലോകം .മറ്റേത് സേവാഗ്രാം പ്രതിനിധീഭവിക്കുന്ന ജീവിത ലാളിത്യത്തിന്റെയും ,ആത്മ നിയന്ത്രണത്തിന്റെയും സ്നേഹപ്രകാശത്തിന്റെയും ലോകം.ആദ്യത്തേത് മനുഷ്യകുലത്തെ ആകെ ഗ്രസിക്കാൻ വാപിളർന്നു നീങ്ങുന്നു .രണ്ടാമത്തേത് ഉദിച്ചു വരുമ്പോഴേക്ക് കാർമേഘങ്ങളാൽ മൂടിയ ഒരു പ്രകാശഗോളം പോലെ മങ്ങിയിരിക്കുന്നു .
* "അഴീക്കോടിന്റെ ആത്മകഥ" - പുസ്തകത്തിൽ നിന്നും.
തയ്യാറാക്കിയത് ; സജീഷ് കുട്ടനെല്ലൂർ
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment