(തയ്യാറാക്കിയത് : അഞ്ജു വാസുദേവൻ )
ഒരു കാലത്ത് സഹകരണപ്രസ്ഥാനത്തിന്റെ മുഖമുദ്രയായിരുന്നു കണ്ണൂരിലെ കേരള ദിനേശ് ബീഡിക്കമ്പനി. ബീഡിതെറുപ്പ് അന്ന് സാധാരണക്കാരന്റെ ഉപജീവനമാർഗമായിരുന്നു. എന്നാൽ ബീഡി വ്യവസായം പ്രതിസന്ധിയിലായപ്പോൾ ദിനേശ് വൈവിധ്യവൽക്കരണത്തിന്റെ പുതിയ ചിറകുകൾ തേടി. അങ്ങനെയാണ് ദിനേശ് ഫുഡ് പ്രൊഡക്ട്സ് എന്ന മഹാ സംരംഭത്തിന്റെ തുടക്കം. ദ്രുതഗതിയിലായിരുന്നു വളർച്ച. ഇന്ന് മലയാളി ദിനേശ് ഉൽപ്പന്നങ്ങളെ ചേർത്തുപിടിക്കുമ്പോൾ അത് സഹകരണ മേഖലയുടെ വിജയം കൂടിയാണ്. ദിനേശ് ഉൽപ്പന്നങ്ങളെ കുറിച്ച്, ദിനേശ് ബീഡിയുടെ പ്രതാപ കാലത്തെ കുറിച്ച്, അതിജീവന മാർഗങ്ങളെ കുറിച്ച് പങ്കുവെച്ച് ദിനേശ് ഗ്രൂപ്പിന്റെ പുത്തൻ അമരക്കാരൻ ദിനേശ് ബാബു എം. കെ. സഹകരണ രംഗത്തോടൊപ്പം
? ദിനേശ് ബീഡി എന്ന തൊഴിലാളി സംരംഭത്തിൽ നിന്ന് ദിനേശ് ഫുഡ് പ്രൊഡക്ട്സ്
എന്ന വലിയ ശൃംഖലയിലേക്ക്. കടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ
ദിനേശ് ബീഡി നിർമ്മാണ സമയത്ത് 2500 തൊഴിലാളികളാണുണ്ടായിരുന്നത്. 90കളിൽ
അത് 42,000 തൊഴിലാളികളിലേക്ക് എത്തി. എന്നാൽ പുകയില വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മേഖല പ്രതിസന്ധിയിലായി. 1996 മുതൽ കേരള ദിനേശ് ബീഡി പരമാവധി തൊഴിലാളികളെ വ്യവസായ മേഖലകളിലേക്ക്
പുനരധിവസിപ്പിക്കുന്നതിന് ശ്രമമാരംഭിച്ചു. 1997ൽ ദിനേശ് ഫുഡ്സിന്റെ രണ്ട്
യൂണിറ്റുകൾ ആരംഭിച്ചു. തൊഴിൽ ഉറപ്പാക്കുകയും ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ
പുറത്തിറക്കുക എന്നതുമായിരുന്നു ലക്ഷ്യം. ദിനേശ് ഫുഡ് പ്രൊഡക്ട്സിന്റെ
എല്ലാ യൂണിറ്റുകളിലും ഇന്ന് തൊഴിലെടുക്കുന്ന 90 ശതമാനം പേരും ബീഡി
വ്യവസായവുമായി ബന്ധപ്പെട്ട കുടുംബങ്ങളിൽ നിന്നാണ് വരുന്നത്.
? വൈവിധ്യമാണ് ദിനേശ് ഫുഡ്സിന്റെ പ്രത്യേകത. എന്തൊക്കെ ഉൽപ്പന്നങ്ങളാണ്
ഇപ്പോൾ ദിനേശ് വിപണിയിലിറക്കുന്നത്
ദിനേശ് തേങ്ങാപ്പാൽ, കോക്കനട്ട് പൗഡർ, വെർജിൻ കോക്കനട്ട് ഓയിൽ,
ആയുർവേദിക് ഗ്രേഡ് ഫോർട്ടിഫൈഡ് കോക്കനട്ട് മിൽക്ക് ക്രീം, കോക്കനട്ട്
മിൽക്ക് പൗഡർ, ചിപ്സ്, കോക്കനട്ട് ലഡ്ഡു, manjog എന്ന പേരിൽ കോക്കനട്ട്
ചോക്ലേറ്റ്, സ്ക്വാഷ്, ജാം, സിറപ്പ്, അച്ചാറുകൾ, അഗ്മാർക് കറിപ്പൊടികൾ,
മസാലകൾ എന്നിവയാണ് ദിനേശ് ഉൽപ്പാദിപ്പിക്കുന്നത്. പൂർണ്ണമായും മെഷീന്റെ
സഹായത്തോടെയാണ് നിർമ്മാണം. ഗുണനിലവാരവും ഉറപ്പാക്കുന്നു.
ഡിസ്ട്രിബ്യൂട്ടേഴ്സ് വഴിയാണ് വിതരണം. ഓൺലൈൻ മാർക്കറ്റിങ്ങുമുണ്ട്.
ദിനേശ് തേങ്ങാപ്പാലിന് ആവശ്യക്കാരേറെയാണ്. വിദേശത്തേക്കും കയറ്റുമതി
ചെയ്യുന്നു. തേങ്ങാപ്പാലിന് ആഭ്യന്തര വിപണിയിലും വിദേശത്തും അന്വേഷണം
കൂടുതൽ വന്നുകൊണ്ടിരിക്കുകയാണ്. പ്രതിദിനം 1000 ലിറ്റർ
ഉൽപ്പാദിപ്പിക്കുന്ന അത്യാധുനിക ഉപകരണങ്ങളുള്ള യൂണിറ്റാണ് ദിനേശന്
ഉള്ളത്. കർഷകരിൽനിന്ന് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വില നൽകിയാണ്
നാളികേരം ശേഖരിക്കുന്നത്.
ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കുപുറമേ 1999 ദിനേശ് ഇൻഫോർമേഷൻ ടെക്നോളജി
സിസ്റ്റംസ് (ഡിറ്റ്) എന്ന സംരംഭവും രണ്ടായിരത്തിൽ ദിനേശ് അംബ്രല്ല എന്ന
പേരിൽ കുട നിർമ്മാണവും ആരംഭിച്ചു. മികച്ച ഗുണനിലവാരവും മറ്റ് കുടകളെ
അപേക്ഷിച്ച് താരതമ്യേനെയുള്ള വിലക്കുറവും ദിനേശ് അംബ്രല്ലക്ക്
ജനങ്ങൾക്കിടയിൽ കൂടുതൽ സീകാര്യത നേടിത്തന്നു. കുട വിപണനം തുടങ്ങിയ
കാലത്തുതന്നെ മൂന്ന് കോടിയിലധികം രൂപ വരുമാനം ലഭിച്ചിരുന്നു. ഇപ്പോൾ
കേരളത്തിൽ കണ്ണൂർ, ചാലാട്, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിലായി നാല്
കുട നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. 2007ലാണ് വസ്ത്ര നിർമ്മാണ
രംഗത്തേക്ക് ദിനേശ് അപ്പാരൽസ് എന്ന പേരിൽ ദിനേശ് ചുവടുവെക്കുന്നത്.
കണ്ണൂരിലെ താണെ, കാസർഗോഡിലെ ചെറുവത്തൂർ, ചാല എന്നിവിടങ്ങളിൽ വസ്ത്ര
നിർമ്മാണ യൂണിറ്റുകളുണ്ട്. വിദേശത്തേക്കും വസ്ത്രങ്ങൾ കയറ്റുമതി
ചെയ്യുന്നു.
? ഒരു കാലത്ത് തൊഴിലാളികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ സംരംഭമാണ്ദിനേശ് ബീഡി. ഒരു കാലത്തെ നാട്ടുചർച്ചകളിലെ നിറസാന്നിധ്യം. ദിനേശ്
ബീഡിയെക്കുറിച്ച്
ദിനേശ് സംരംഭങ്ങൾ തുടങ്ങിയത് ദിനേശ് ബീഡിയിലൂടെയാണ്. ബീഡി
തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യവും നൽകിവരുന്നു. തൊണ്ണൂറുകളിൽ ബീഡി
വ്യവസായം പച്ചപിടിച്ചുതുടങ്ങിയെങ്കിലും ദിനേശ് ബീഡിക്ക് വിപണിയിൽ അപരൻമാർ
എത്തി. ഇതിനോടൊപ്പം പുകയില വിരുദ്ധ കാമ്പയിൻ കൂടിയായപ്പോൾ മേഖല
പ്രതിസന്ധിയിലായി. എങ്കിലും ഇന്നും 101 ബീഡി യൂണിറ്റുകൾ കേരളത്തിൽ
പ്രവർത്തിക്കുന്നു. 4500 പേർ ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നു. ഒരുമാസം
അഞ്ച് കോടിയോളം രൂപയുടെ ബീഡി വിൽപ്പന നടത്തുന്നുണ്ട്. മെച്ചപ്പെട്ട ജീവിത
സാഹചര്യം ഇന്ന് തൊഴിലാളികൾക്കുണ്ട്. 50 വർഷം പൂർത്തിയാക്കിയ വടക്കേ
മലബാറിന്റെ സഹകരണ മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമാണ് കേരള
ദിനേശ്.
? മിക്ക സംരംഭങ്ങളും പ്രതിസന്ധി നേരിട്ട ലോക്ക് ഡൗൺ കാലമാണ് കടന്നുപോയത്.
മിക്ക കമ്പനികളും അടച്ചുപൂട്ടി. ദിനേശിന്റെ അവസ്ഥ എന്തായിരുന്നു
ദിനേശിന്റെ എല്ലാ യൂണിറ്റിലുമായി 5000 പേർ തൊഴിലെടുക്കുന്നു. ഒരു വർഷം
ഏകദേശം 70 കോടി ടേൺ ഓവർ ഉണ്ട്. മറ്റെല്ലാ സംരംഭങ്ങളെയും പോലെ ഞങ്ങളും
പ്രതിസന്ധി നേരിട്ടിരുന്നു. രാജ്യത്തെ മിക്ക കമ്പനികളും
അടച്ചുപൂട്ടിയെങ്കിലും ദിനേശിന്റെ തൊഴിലാളികളെ ഒപ്പം നിർത്താൻ
ദിനേശിനായി. ആവശ്യക്കാർക്ക് ഉൽപ്പന്നങ്ങൾ നേരിട്ടെത്തിച്ചുകൊടുത്താണ്
പ്രതിസന്ധി ഒരുവിധം മറികടന്നത്. കൊറോണ പ്രതിരോധ ഭാഗമായി മാസ്ക്,
സാനിറ്റൈസർ നിർമ്മാണവുമുണ്ട്. ഗുണനിലവാരമുള്ള, എന്നാൽ സാധാരണക്കാരന്റെ
പോക്കറ്റിന് താങ്ങാനാവുന്ന വിലയിലാണ് ഇവ വിപണിയിലെത്തിച്ചത്.
? ഐടി മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച്
1999 ദിനേശ് ഐടി സിസ്റ്റം സ്ഥാപിച്ചത്. കേരളത്തിൽ ആദ്യമായി സഹകരണമേഖലയിൽ
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡാറ്റാ സെന്റർ നിർമ്മിച്ചുകൊണ്ട് സഹകരണ
ബാങ്കുകൾക്ക് ചെലവുകുറഞ്ഞതും സുരക്ഷിതവുമായ രീതിയിൽ സേവനം നൽകിവരുന്നു.
മലബാർ മേഖലയിലെ 32 പ്രമുഖ സഹകരണ ബാങ്കുകളും അവയുടെ 150ൽ പരം ബ്രാഞ്ചുകളും
നാല് സൊസൈറ്റികളും കേരള ദിനേശിന്റെ 18 പ്രൈമറി സൊസൈറ്റികളും
ഡിറ്റ്സിന്റെ ഡാറ്റാ സെന്റർ വഴിയാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ
മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളുടെയും ഡാറ്റ സൂക്ഷിക്കാനുള്ള അടിസ്ഥാന
സൗകര്യവും ലഭ്യമാണ്. ദിനേശ് ഐടി സിസ്റ്റംസിന്റെ കോർ ബാങ്കിങ്ങ് സോഫ്റ്റ്
വെയർ ഇന്ന് കേരളത്തിലെ 50ലധികം പ്രമുഖ സഹകരണ ബാങ്കുകളിൽ വിജയകരമായി
പ്രവർത്തിച്ചുവരുന്നു. PACSWARE, PALMS, COIN PROJECT എന്നിവയും ദിനേശ്
സിസ്റ്റംസിന്റെ കീഴിൽ ഫലപ്രദമായി നടപ്പാക്കി.
? സഹകരണ വകുപ്പിലെ ജോലിക്ക് ശേഷം, റിട്ടയർമെന്റ് ജീവിതത്തിന്റെ നാളുകളിൽ
ആണല്ലോ ദിനേശ് ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തേക്ക് വരുന്നത്? താങ്കൾ
നടപ്പിലാക്കിയ മാറ്റങ്ങളെ കുറിച്ച്
ദിനേശ് ബീഡിയുടെ കാലം മുതലേ ദിനേശ് സംരംഭത്തെ ആളുകൾക്കറിയാം. ബീഡി
വ്യവസായം പ്രതിസന്ധി നേരിട്ടപ്പോഴാണ് ദിനേശ് മറ്റ് സംരംഭങ്ങൾ ആരംഭിച്ചത്.
പല കമ്പനികളും അവരുടെ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുമ്പോൾ വലിയ തോതിൽ
പരസ്യം ചെയ്യാറുണ്ട്. പരസ്യത്തിലൂടെയാണ് അവ ജനങ്ങൾ അറിഞ്ഞത്. എന്നാൽ
പരസ്യം ചെയ്യുക എന്നത് വലിയ ചെലവുള്ള സംഗതിയായതിനാൽ എല്ലാ
ഉൽപ്പന്നങ്ങൾക്കും പരസ്യം ചെയ്യുക എന്നത് അപ്രാപ്യമായിരുന്നു.
ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. അതിനായി
സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും കിയോസ്കുകൾ സ്ഥാപിച്ച് ഉൽപ്പന്നങ്ങൾ
പരിചയപ്പെടുത്തി. കൂടുതൽ ജില്ലകളിലേക്ക് ഈ പരിചയപ്പെടുത്തൽ പ്രകിയ
വ്യാപിപ്പിക്കുന്നുമുണ്ട്. ആരോഗ്യ മേഖലയിലേക്ക് ദിനേശിന്റെ പ്രവർത്തനങ്ങൾ
വ്യാപിപ്പിക്കണമെന്നുണ്ട്. ഐടി മേഖല കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ
നടക്കുന്നു. ഇതിലൂടെ നമ്മുടെ നാട്ടിലെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ സാധ്യത
ഉറപ്പാക്കാനാവും.
? ദിനേശിനെ തേടിയെത്തിയ അംഗീകാരങ്ങളെക്കുറിച്ച്
ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര വികസന സംഘടനയായ ASSOCHAM 2004 ലെ
ഏറ്റവും നല്ല ചെറുകിട വ്യവസായത്തിന് നൽകുന്ന ഫെയർ ബിസിനസ് പ്രാക്ടീസ്
ദേശീയ അവാർഡിന് കേരള ദിനേശ് ബീഡി വ്യവസായ സഹകരണ സംഘത്തിനെ തെരഞ്ഞെടുത്തു.
തുടർന്നുള്ള അഞ്ചുവർഷങ്ങളിലും ഈ അവാർഡ് ലഭിക്കുകയുണ്ടായി.