കേരള ബാങ്ക് സഹകരണ ബാങ്കുകളുടെ സംരക്ഷണ കവചം
കേരളത്തിന്റെ സ്വന്തം ബാങ്കായി വന്ന കേരള ബാങ്ക് നമുക്ക് ഒട്ടേറെ പ്രതീക്ഷകളും സ്വപനങ്ങളുമാണ് മുന്നോട്ടു വെക്കുന്നത് ,അതോടൊപ്പം തന്നെ ചില ആശങ്കകളുമുണ്ട് .അത് സഹകരണ മേഖലയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരും എന്ന സംശയം നമുക്കെല്ലാവർക്കുമുണ്ട് ഇതിനെല്ലാമുള്ള മറുപടിയാണ് കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ സഹകരണരംഗം മാനേജിങ് എഡിറ്റർ മധു ചെമ്പേരിയുമായി പങ്കു വെക്കുന്നത് .
? കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ സഹകരണ ബാങ്കുകളുടെ വികസനത്തിനായി എന്തെല്ലാം വികസന പദ്ധതികളാണ് കേരള ബാങ്ക് വിഭാവനം ചെയ്യുന്നത് ..?
= മറ്റു ബാങ്കുകളെ അപേക്ഷിച്ചു കേരള ബാങ്കിന്റെ ഏറ്റവും വലിയ സംരക്ഷിത കവചം എന്ന് പറഞ്ഞാൽ ഗ്രാമീണ മേഖലയിലെ ജനങളുടെ കൈത്താങ്ങാണ്. വെറുതെ കുറച്ചു നിക്ഷേപം കൈയിൽ കിട്ടിയിട്ട് അത് പലിശക്ക് കൊടുക്കുന്നതിനുപരിയായി കേരളീയ സമൂഹത്തിനു എന്തെല്ലാം ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിന്റെ അടിസ്ഥാനത്തിൽ വലിയ രീതിയിലുള്ള ഒരു പരിഷ്കാര പദ്ധതിക്കു ഞങ്ങൾ തുടക്കം കുറിച്ച് കഴിഞ്ഞു. സമൂഹത്തിന്റെ നാനാ മേഖലകളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള 22 വായ്‌പ്പാ പദ്ധതികൾ കേരള ബാങ്ക് ആരംഭിച്ചിട്ടുണ്ട്.
പിന്നെ എടുത്ത് പറയാവുന്ന മറ്റൊരു പദ്ധതി കുട്ടികളുമായി ബന്ധപ്പെട്ടതാണ്. സ്കൂൾ തുറക്കുന്നത്തോടെ അത് ആരംഭിക്കും.7,8,9,10 ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള നിക്ഷേപ ബോധവത്കരണ പദ്ധതിയാണത്.
കുട്ടികളുടെ കൈയിലെ ചില്ലറ തുട്ടുകൾ മുതൽ ബാങ്ക് സ്വീകരിക്കും.. കുട്ടി ബാങ്കിലേക്ക് വരാതെ സ്കൂളിലും വീട്ടിലുമായി ചെന്ന് പണം സ്വീകരിക്കും.ഒരു കുട്ടിയെ സംബന്ധിച്ചു ഏഴാം ക്‌ളാസ് മുതൽ ആരംഭിക്കുന്ന നിക്ഷേപം, അവർ പത്ത് പാസ്സായി പതിനൊന്നിലേക്ക് കടക്കുമ്പോൾ കൂടുതൽ പണചിലവ് വരും അപ്പോൾ
രക്ഷിതാക്കൾക്ക് ഇത് വലിയ ആശ്വാസമാകും.
ഓരോ വിദ്യാർത്ഥിക്കും അത്യാവശ്യ കാര്യങ്ങൾ രക്ഷിതാവിനെ ആശ്രയിക്കാതെ ചെയ്യുവാനും ഇത് ഗുണം ചെയ്യും. കുട്ടികളിൽ ഇത് ഇന്നില്ലാത്ത ഒരു ബോധവത്ക്കരണം ഉണ്ടാക്കും. ഒന്നും നഷ്ടപ്പെടാതെ ഇതെല്ലാം സൂക്ഷിക്കണം എന്ന സമ്പാദ്യ ശീലം അവരിൽ ഉറക്കാൻ ഇത് വഴിയൊരുക്കും.
ഈ ഗണത്തിൽ പെട്ട കുട്ടികളിൽ പഠനത്തിൽ മികവ് തെളിയിക്കുന്നവർക്ക് ബാങ്കിന്റെ വക ഒരു പരിതോഷികവും നൽകും .കോർ ബാങ്കിംഗ് സിസ്റ്റം മുതൽ ഇക്കാലത്തെ ഏറ്റവും നൂതനമായ എല്ലാ ബാങ്കിംഗ് സംവിധാനങ്ങളും ഞങ്ങൾ ആവിഷ്കരിക്കുന്നുണ്ട്. ആധുനിക ബാങ്കിംഗ് മേഖലയിൽ ഒരു ഉപഭോക്താവിന് ബാങ്കിൽ എത്താതെ കാര്യങ്ങൾ നടത്താനുള്ള സംവിധാനം ഞങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.
ജീവനക്കാരുടെ കാര്യത്തിലാണെങ്കിൽ ഐ ടി മേഖലക്കാവശ്യമായ ട്രെയിനിങ് ആണ് ഉദ്ദേശിക്കുന്നത്.
ഭവന വായ്‌പ്പയുടെ കാര്യമാണെങ്കിൽ പുതിയ വീട് നിർമ്മിക്കാൻ മാത്രമല്ല, പുതുക്കി പണിയാനും പുതിയ, പഴയ, വീട്, ഫ്ലാറ്റ് എന്നിവ വാങ്ങുവാനുമുള്ള വായ്‌പ്പ ഉണ്ട്. പുതിയ വീടിനു 30 ലക്ഷം രൂപ വായ്പ കൊടുക്കും, പുതുക്കി പണിയുന്നതിനു 20 ലക്ഷവും കൊടുക്കും.
ബാങ്കിന്റെ 22 വായ്പ്പാ പദ്ധതികൾ ഏതെല്ലാം മേഖലകളിലാണ്, പലിശ നിരക്ക് എത്ര, എങ്ങനെ വാങ്ങാം എന്നീ കാര്യങ്ങൾ വിവരിക്കുന്ന ഒരു പുസ്തകം ഞങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇത് മുഴുവൻ സഹകരണ സംഘങ്ങളിലും എത്തിക്കും.
? കേരള ബാങ്കിന്റെ വരവിൽ സഹകരണ ബാങ്കുകൾക്ക് ഒരു ആശങ്ക വന്നു പെട്ടിട്ടുണ്ട്.. അതേക്കുറിച്ച് വിശദീകരിക്കാമോ...?
= ഒട്ടും വൈകാതെ തന്നെ ആ ആശങ്ക പരിഹരിക്കും. ഇരുന്നൂറോളം സംഘങ്ങൾ വരെ ഓരോ ജില്ലയിലുമുണ്ട്. എറണാകുളത്തു തന്നെ 227 സംഘങ്ങളുണ്ട്. ഓരോ ജില്ലയിലുമായി യോഗം വിളിക്കാനാണു പരിപാടി, സ്റ്റേറ്റ് ബാങ്കിന്റെയും ജില്ലാ ബാങ്കിന്റെയും ഓഫിസർ മാർ അവരുടെ പ്രശ്നങ്ങൾ കേൾക്കും, അവരുടെ പ്രശ്നങ്ങൾ അവിടെ തന്നെ പരിഹരിക്കും.. പക്ഷെ കോവിഡ് കാലമായതു കൊണ്ട് സാഹചര്യം പ്രതികൂലമാണ്. കുറച്ചു ആളുകളെ വെച്ച് എങ്കിലും വൈകാതെ ആ പരിപാടി കേരള ബാങ്ക് സംഘടിപ്പിക്കും.ഇപ്പോഴുള്ള നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം പ്രൈമറി സഹകരണ സംഘങ്ങളുടേതു തന്നെയാണ് .അത് കൊണ്ട് അവർ തന്നെയാണ് കേരള ബാങ്കിന്റെ ഉടമസ്ഥർ .അവരുടെ സഹായ സഹകരണങ്ങളോടും ഉപദേശ നിർദേശങ്ങളോടും കൂടി തന്നെയാണ് കേരള ബാങ്ക് മുന്നോട്ടു പോകുന്നത് .
? Packs കൾക്ക് പുറമെ സാധാരണ വനിതാ കോപ്പറേറ്റീവ് സൊസൈറ്റി ,മൾട്ടി പർപ്പസ് സൊസൈറ്റി തുടങ്ങിയ സംഘങ്ങൾക്ക് വേണ്ടി
നമ്മൾ എന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ ...?
= അവർക്ക് ഏതാവശ്യത്തിനും വായ്പ്പഎടുക്കാം .കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംഘങ്ങൾക്കും ,ക്ഷീര കർഷകർക്കും ,ഒരേക്കർ ഭൂമിയുള്ള കർഷകർക്കും ,പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവർക്കും അതുപോലെ ഫാം തുടങ്ങുന്നതിനും എല്ലാം വായ്പ്പ കൊടുക്കും .എല്ലാ മേഖലകളിലും കേരള ബാങ്ക് സജീവമായി ഇടപെടും
? സഹകരണ ബാങ്കുകൾ ബാങ്കിങ് ഇതര പ്രവർത്തനങ്ങൾ നടത്തുന്നുണ്ടല്ലോ, ഇത് കേരളത്തിന്റെ വികസനത്തിന് എത്രത്തോളം സ്വാധീനം ചെലുത്തും ...?
=
ബാങ്കിങ് റെഗുലേഷൻ ആക്ട്
വന്നതോട് കൂടി റിസെർവ്വ് ബാങ്ക് കർക്കശമായ ഒരു സർക്കുലർ പുറത്തിറക്കപ്പുറത്തിറക്കിയിരിക്കുകയാണ് .പ്രൈമറി സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ പാടില്ല എന്നാണ് പറയുന്നത് . ഇത്തരം കാര്യങ്ങൾ ഗ്രാമീണ മേഖലക്ക് വലിയ പ്രയോജനം ചെയ്യുന്ന കാര്യമാണ് എന്നതിൽ സംശയമില്ല .പക്ഷെ അവർ നിലപാട് കടുപ്പിച്ചിരിക്കുകയാണ്
? മലപ്പുറം ജില്ല കേരള ബാങ്കിൽ ലയിക്കാതെ മാറി നിൽക്കുകയാണല്ലോ ..അത് കൊണ്ട് തന്നെ അവർക്ക് നബാര്ഡിന്റെയും കേരള ബാങ്കിന്റെയും പദ്ധതികൾ ഒന്നും തന്നെ കിട്ടുന്നില്ല ..ഇതിനെന്തെങ്കിലും പരിഹാരം കേരള ബാങ്കിന്റെ ഭാഗത്തു നിന്നും ആലോചിക്കുന്നുണ്ടോ ..?
= "മലപ്പുറം ജില്ലയും കേരള ബാങ്കിനൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു 'എന്ന് മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞിരുന്നു . കേരള ബാങ്കിന് ഇക്കാര്യത്തിൽ ഒരിക്കലും എതിർ മനോഭാവം ഇല്ല അടുത്ത നിമിഷം അവര് കൂടി കേരള ബാങ്കിന്റെ ഒപ്പം ചേരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ,ഞങ്ങൾ വാതിൽ തുറന്നിട്ടിരിക്കുകയാണ്.
? രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ കേരള ബാങ്കിന്റെ നേതൃസ്‌ഥാനത്തു വന്നപ്പോൾ ഇതേ കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്തായിരുന്നു ...?
= എനിക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടും പ്രവർത്തന രീതിയുമുണ്ട് , പക്ഷെ നമ്മുടെ രാഷ്ട്രീയം പ്രയോഗിക്കാനുള്ള സ്ഥലമല്ല അത് .ജീവനക്കാരുടെ കാര്യം നോക്കാൻ ട്രേഡ് യൂണിയൻ നേതാക്കളുണ്ട് ,പിന്നെ ഇവിടെ വരുന്ന കസ്റ്റമേഴ്സ് വിവിധ ചിന്താഗതിക്കാരായിരിക്കും .അതിന്റെ ഉള്ളിൽ കയറിക്കഴിഞ്ഞാൽ നമ്മുടെ ചിന്തയും പ്രവർത്തിയും കേരള ബാങ്കിന്റെ പുരോഗതി എന്ന ഒറ്റ കാഴ്ച്ചപ്പാട് മാത്രമായിരിക്കും ...
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.