വെറുതെയിരിക്കുന്ന സ്വര്‍ണ്ണത്തില്‍ നിന്നും വരുമാനം നേടണോ? ഗോള്‍ഡ് ലീസിംഗ് രീതികളും സര്‍ക്കാര്‍ നിയമങ്ങളും അറിയാം
നിങ്ങളുടെ കൈയില്‍ വെറുതേയിരിക്കുന്ന സ്വര്‍ണ്ണത്തില്‍ നിന്നും വരുമാനം നേടണോ? അലമാരകളിലും, ബാങ്കുകളുടെ ലോക്കറുകളിലും മറ്റും വെറുതെയിരിക്കുന്ന സ്വര്‍ണ്ണത്തില്‍ നിന്ന് അധിക വരുമാനം കണ്ടെത്താനുള്ള ഒരു മാര്‍ഗമാണ് ഗോള്‍ഡ് ലീസിംഗ്.
ആകര്‍ഷകമായ പലിശയാണ് ഈ സ്‌കീം വാഗ്ദാനം ചെയ്യുന്നത്. അതേസമയം പദ്ധതിയുടെ കൃത്യമായ റിസ്‌കുകളും, സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ പരിമിതികളും അറിയേണ്ടതുണ്ട്.
എന്താണ് ഗോള്‍ഡ് ലീസിംഗ്?
പണം പലിശയ്ക്ക് നല്‍കുന്നതുപോലെ തന്നെയാണ് ഗോള്‍ട് ലീസിംഗും. വീട്ടിലോ ബാങ്ക് ലോക്കറിലോ വെറുതെ ഇരിക്കുന്ന സ്വര്‍ണ്ണം വില്‍ക്കാതെ, അത് ആവശ്യമുള്ള മറ്റൊരാള്‍ക്ക് താല്‍ക്കാലികമായി വാടകയ്ക്ക് നല്‍കുന്ന രീതിയാണിത്. പ്രധാനമായും ജുവലറികളാണ് ഇത്തരം സ്‌കീമുകളുടെ പ്രധാന ഉപഭോക്താക്കള്‍. ഇതു വഴി സ്വര്‍ണ്ണം നല്‍കുന്നവര്‍ക്ക് പലിശയോ വരുമാനമോ നേടാനാകും. സ്വര്‍ണത്തിന്റെ വില വര്‍ദ്ധിക്കുന്നതിന്റെ ലാഭം നിലനിര്‍ത്തിക്കൊണ്ടുതന്നെ, വര്‍ഷം 2.75% മുതല്‍ 4.5% വരെ വരുമാനം നേടാം.
ഇതിനായി ആദ്യം സ്വര്‍ണത്തിന്റെ പരിശുദ്ധി അംഗീകൃത കേന്ദ്രങ്ങളില്‍ പരിശോധിച്ച് തിട്ടപ്പെടുത്തും. തുടര്‍ന്ന് സര്‍ക്കാരിന്റെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമിന് കീഴില്‍, ഈ സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കാം. ബാങ്ക് അതിന്റെ കൃത്യമായ അളവും, കാലാവധിയും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. സ്വകാര്യ പ്ലാറ്റ്‌ഫോമുകളും സമാനമായ രീതി പിന്തുടരുന്നുണ്ട്. ബാങ്കുകളോ, സ്വകാര്യ ആപ്പുകളോ ഈ സ്വര്‍ണം ഒരുമിച്ച് പൂള്‍ ചെയ്ത് ജുവലറികള്‍ക്ക് ബിസിനസ് ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന വാടകയുടെ ഒരു ഭാഗം നിക്ഷേപകന് പലിശയായി ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണമായോ അല്ലെങ്കില്‍ അന്നത്തെ വിപണി വിലയ്ക്കുള്ള പണമായോ തിരികെ കിട്ടും.
എന്നാല്‍ ഈ പദ്ധതി ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകള്‍ പോലെ പൂര്‍ണ്ണ സുരക്ഷിതമല്ല. കൗണ്ടര്‍പാര്‍ട്ടി ഡിഫോള്‍ട്ട് റിസ്‌ക് ആണ്ഏറ്റവും പ്രധാനം. സ്വര്‍ണം വാടകയ്ക്ക് എടുത്ത ജുവലറിയോ, ഇടനിലക്കാരായ സ്വകാര്യ പ്ലാറ്റ്‌ഫോമോ തകരുകയോ, സാമ്പത്തിക ബാധ്യതയില്‍ പെടുകയോ ചെയ്താല്‍ നിക്ഷേപകന് സ്വര്‍ണം പൂര്‍ണ്ണമായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ' ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം ' വഴി ബാങ്കുകളില്‍ നടത്തുന്ന സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ്ണമായ സുരക്ഷയും, നിയന്ത്രണവുമുണ്ട്. എന്നാല്‍ വിപണിയിലുള്ള പല പുതിയ ഡിജിറ്റല്‍, സ്വകാര്യ ഗോള്‍ഡ് ലീസിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കും ആര്‍ബിഐ, സെബി എന്നിവരുടെ നിയന്ത്രണങ്ങളോ നിക്ഷേപക സംരക്ഷണ നിയമങ്ങളോ ബാധകമല്ല. ഡിജിറ്റല്‍ ഗോള്‍ഡ് ഉല്‍പ്പന്നങ്ങള്‍ സെക്യൂരിറ്റീസുകളുടെ പരിധിയില്‍ വരില്ലെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment