പുല്ലഴി കോള്‍പടവ് സഹകരണ സംഘത്തിൽ ക്രമക്കേടെന്നാരോപണം; ഭരണസമിതിക്കെതിരെ കര്‍ഷകർ

 

  • അശ്വതി ആര്‍.പിള്ള

 


തൃശൂര്‍: ' വേലി തന്നെ വിളവ് തിന്നുക' എന്ന ചൊല്ല് തൃശൂര്‍ പുല്ലഴി കോള്‍പടവ് സഹകരണ സംഘത്തിന്റെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. പുല്ലഴിയിലെ 600ലേറെ കര്‍ഷകര്‍ക്ക് ആശ്വാസമാകേണ്ട കോള്‍പടവ് സഹകരണ സംഘം ഭരണസമിതിക്കെതിരെ കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. സംഘം ഒന്നരക്കോടി രൂപയുടെ കടത്തിലാണെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സമരരംഗത്തെത്തിയിരിക്കുകയാണ്. 

കര്‍ഷകര്‍ തിരിച്ചടച്ച വായ്പാ തുക കേരള ബാങ്കിന് കൈമാറാതെ ഭരണസമിതി വകമാറ്റിയെന്നാണ് പ്രധാന ആരോപണം. ഇതിനെ തുടര്‍ന്ന് വായ്പ കുടിശ്ശികയായതായി ചൂണ്ടിക്കാട്ടി ബാങ്ക് കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ചതും പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. 


നെല്‍കൃഷിക്കും വരമ്പുകളിലെ സൂര്യകാന്തി കൃഷിക്കും പേരുകേട്ട പ്രദേശമാണ് പുല്ലഴി. 600 ഓളം കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പുല്ലഴി കോള്‍പടവില്‍ ഏകദേശം 900 ഏക്കറിലാണ് കൃഷി നടത്തുന്നത്. 

സഹകരണ സംഘം മുഖേന കര്‍ഷകര്‍ക്ക് 10,000 രൂപ വീതം വായ്പ അനുവദിച്ചിരുന്നു. ഈ തുക കര്‍ഷകര്‍ സഹകരണ സംഘത്തിന് തിരിച്ചടച്ചെങ്കിലും കേരള ബാങ്കിലേക്ക് കൈമാറിയിട്ടില്ലെന്നാണ് ആരോപണം. ഇതോടെ വായ്പ ഇപ്പോഴും കുടിശ്ശികയായി തുടരുകയാണെന്നും ബാങ്ക് നിയമനടപടികള്‍ ആരംഭിച്ചതായും കര്‍ഷര്‍ പറയുന്നു. മഴക്കാലത്ത് മത്സ്യകൃഷിയും വെള്ളമിറങ്ങുമ്പോള്‍ നെല്‍കൃഷിയും നടത്തുന്നതാണ് പുല്ലഴി കോള്‍പടവിലെ രീതി. എന്നാല്‍ ഈ കൃഷിയൊക്കെ  ഇന്ന് പ്രതിസന്ധിയിലാണ്.


പുല്ലഴി കോള്‍പടവ് സഹകരണ സംഘത്തിന്റെ നടത്തിപ്പിനായി ഒരു വര്‍ഷം കര്‍ഷകരില്‍ നിന്നും ഒരു ഏക്കര്‍ ഭൂമിക്ക് 4500രൂപ വീതം ഈടാക്കുന്നുണ്ട്. എന്നാല്‍ ഈ തുക എങ്ങനെ വിനിയോഗിക്കുന്നുവെന്ന കൃത്യമായ കണക്ക് അംഗങ്ങളായ കര്‍ഷകര്‍ക്ക് വ്യക്തമല്ല. മാത്രമല്ല, സംഘത്തിന്റെ കീഴില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രണ്ട് നീതി മെഡിക്കല്‍ സ്റ്റോറുകളും നഷ്ടത്തെ തുടര്‍ന്ന് അടച്ചുപൂട്ടി. ഇത് ഭരണസമിതിയുടെ പിടിപ്പുകേടാണെന്നും കര്‍ഷക സംരക്ഷണ സമിതി അംഗമായ ജോയ് കോലഞ്ചേരി പറഞ്ഞു. 


ഭരണസമിതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കര്‍ഷകരുടെ നേതൃത്വത്തില്‍ പുല്ലഴി കോള്‍പടവ് സഹകരണസംഘം ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. വിഷയത്തില്‍ സഹകരണ വകുപ്പിന് പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.

അതേസമയം സഹകരണസംഘം പണ്ടേ കടത്തിലാണെന്ന് പ്രസിഡണ്ട് കുളങ്ങാട്ട് ഗോപിനാഥന്‍ പറഞ്ഞു. കര്‍ഷകര്‍ എടുത്ത വായ്പ യഥാസമയം തിരിച്ചടയ്ക്കാത്തതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here