പയറുവർഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും കൃഷിയ്ക്ക് സഹകരണ സ്ഥാപനങ്ങൾക്ക് കേന്ദ്രപദ്ധതി
അശ്വതി ആർ.പിള്ള
പയറുവർഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും കൃഷിയ്ക്കായാണ് കേന്ദ്ര പദ്ധതി ഒരുങ്ങുന്നത്. പദ്ധതി പ്രകാരം സഹകരണ സ്ഥാപനങ്ങൾക്ക് മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമിക്കാം.
സംസ്ഥാനത്ത് 900 ഹെക്ടറിൽ പയറുവർഗ കൃഷി നടപ്പാക്കാനാണ് പദ്ധതി. രണ്ടാംവിള നെൽക്കൃഷിക്ക് ശേഷം പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലാണ് പദ്ധതി ആരംഭിക്കുക. തുവര, ഉഴുന്ന്, ചെറുപയർ, വൻപയർ എന്നിവയാണ് കൃഷി ചെയ്യുക. പയറുവർഗ കൃഷിയിൽ സ്വയംപര്യാപ്തത നേടുന്നതിനുള്ള ‘മിഷൻ ഫോർ ആത്മനിർഭരത ഇൻ പൾസസ്’ പദ്ധതിയുടെ ഭാഗമാണിത്.
കാർഷിക സർവകലാശാലകളും നാഷണൽ സീഡ് കോർപറേഷനും പുതുതായി വികസിപ്പിച്ചെടുത്ത വിത്തുകൾ കർഷകർക്ക് സൗജന്യമായി നൽകും. അഞ്ചുവർഷം പിന്നിട്ടിട്ടില്ലാത്ത വിത്തിനങ്ങൾ 300 ഹെക്ടറിലും അഞ്ചുവർഷം പിന്നിട്ട വിത്തിനങ്ങൾ 600 ഹെക്ടറിലും വിതരണം ചെയ്യും. നാലുവർഷത്തേക്ക് താങ്ങുവിലയ്ക്ക് നാഷണൽ സീഡ് കോർപറേഷൻ ഉത്പന്നങ്ങൾ സംഭരിക്കും.
പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽ എണ്ണക്കുരു കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായും പദ്ധതിയുണ്ട്. നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽസ്–ഓയിൽ സീഡ്സ് പദ്ധതിയുടെ ഭാഗമായി പാലക്കാട്ട് 500 ഹെക്ടറിൽ നിലക്കടലയും ആലപ്പുഴ, കൊല്ലം ജില്ലകളിൽ 500 ഹെക്ടറിൽ എള്ളും കൃഷി ചെയ്യും. കർഷകർക്ക് സൗജന്യ പരിശീലനവും ഹെക്ടറിന് 11,400 രൂപ നിരക്കിൽ നിലക്കടല, എള്ള് വിത്തുകളും സൗജന്യമായി നൽകും. ഒരു കർഷകന് പരമാവധി ഒരു ഹെക്ടറിലേക്കുള്ള വിത്താണ് സൗജന്യമായി ലഭിക്കുക. പദ്ധതിച്ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും.
സൗജന്യ മണ്ണുപരിശോധന നടത്തി നൽകുന്ന സോയിൽ ഹെൽത്ത് കാർഡിന്റെ അടിസ്ഥാനത്തിലായിരിക്കും വളപ്രയോഗത്തിനുള്ള നിർദേശങ്ങളും ശുപാർശകളും നൽകുക. പദ്ധതിയിൽ അംഗമാകുന്നവരുടെ കൃഷിഭൂമി ഗൂഗിൾ മാപ്പിങ് ചെയ്ത് കേന്ദ്ര പോർട്ടലിൽ ഉൾപ്പെടുത്തും. സഹകരണ സംഘങ്ങൾ കൂടാതെ കർഷക കൂട്ടായ്മകൾക്കും കർഷക കമ്പനികൾക്കും പദ്ധതിയുടെ ഭാഗമായി മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാം. മുതൽമുടക്കിന്റെ 33 ശതമാനം, പരമാവധി 9.9 ലക്ഷം രൂപ വരെ, സബ്സിഡിയായി ലഭിക്കും. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ കേന്ദ്ര കൃഷിമന്ത്രാലയം, മിഷൻ ഫോർ ആത്മനിർഭരത ഇൻ പൾസസ്, നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽസ് എന്നിവയുടെ വെബ്സൈറ്റുകളിലും പ്രിൻസിപ്പൽ കൃഷി ഓഫീസുകൾ മുഖേനയും ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment