എന്‍ സി ഡി സി ഭേദഗതി ബില്‍; സഹകരണ മേഖലയില്‍ വരാനിരിക്കുന്നത് വന്‍ മാറ്റങ്ങൾ
അശ്വതി ആര്‍. പിള്ള
തിരുവനന്തപുരം: ഇന്ത്യയുടെ സഹകരണ മേഖലയ്ക്ക് സഹായം നല്‍കുന്നതില്‍ എന്‍ സി ഡി സിയുടെ പങ്ക് വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ലോക്സഭയില്‍ നാഷണല്‍ കോപ്പറേറ്റീവ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍ സി ഡി സി ) ബില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ കേരളത്തില്‍ വന്‍ എതിര്‍പ്പുകളാണ് ഉടലെടുത്തത്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നായിരുന്നു ഉയര്‍ന്ന പ്രധാന ആരോപണം.
എന്‍ സി ഡി സി ബില്‍: സര്‍ക്കാര്‍ പറയുന്നതെന്ത്?
കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനം, സംസ്‌കരണം, വിപണനം, സംഭരണം, കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കായി സഹകരണസംഘങ്ങള്‍ വഴിയുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള എന്‍സിഡിസി രൂപീകരണത്തിനും നിയന്ത്രണത്തിനുമാണ് 1962-ല്‍ എന്‍ സി ഡി സി അടിസ്ഥാന നിയമം നടപ്പിലാക്കിയത്. കോര്‍പറേഷന്റെ
സാമ്പത്തികസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിനും മറ്റ് സേവനങ്ങള്‍ക്കുമായി 1973, 1974, 2002 വര്‍ഷങ്ങളില്‍ ഇതില്‍ ഭേദഗതികള്‍ വരുത്തിയിരുന്നു. എന്നാല്‍ 2026ല്‍ വരുത്തിയ ഭേദഗതി മറ്റുള്ളവയില്‍ നിന്നും ഏറെ വ്യത്യസ്തമാണ്.
പുതിയ ഭേദഗതിയിലൂടെ വിഭാവനം ചെയ്യുന്ന മാറ്റങ്ങള്‍
നേരിട്ടുള്ള സാമ്പത്തികസഹായമാണിതില്‍ പ്രധാനം. മുമ്പ് സംസ്ഥാന സര്‍ക്കാരുകള്‍വഴിയോ രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍വഴിയോ മാത്രം ലഭ്യമായിരുന്ന ഫണ്ടുകള്‍ ഇനി മുതല്‍ പ്രാദേശിക സഹകരണസംഘങ്ങള്‍ക്ക് നേരിട്ട് കൈപ്പറ്റാം.
വിപണിയുടെ വിപുലീകരണവും ഇതുവഴി നടപ്പിലാകും. നഗര--ഗ്രാമ ഭേദമന്യേയുള്ള വാണിജ്യകേന്ദ്രങ്ങള്‍, സേവനമേഖലകള്‍ എന്നിവയ്ക്ക് സാമ്പത്തിക പിന്തുണ നടപ്പാക്കുന്നു. റിസര്‍വ് ബാങ്ക്, വാണിജ്യ ബാങ്കുകള്‍ എന്നിവയുമായി വായ്പവിവരങ്ങള്‍ പങ്കുവയ്ക്കാന്‍ എന്‍സിഡിസിക്ക് നിയമപരമായ അധികാരം പുതിയ ഭേദഗതിയിലൂടെ നല്‍കുന്നു.
എന്നാല്‍ സഹകരണ പ്രസ്ഥാനങ്ങളുടെ ആത്മാവായ ഫെഡറലിസവും ജനാധിപത്യപരമായ സ്വയംഭരണവും പുതിയ ഭേദഗതിയോടെ അപകടത്തിലാകുമെന്നാണ് പ്രധാന വാദം. ഭരണഘടനാപരമായ ഫെഡറലിസത്തിന്റെ ലംഘനമാണ് ഇതില്‍ പ്രധാനം. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍പ്രകാരം സഹകരണം സംസ്ഥാനപട്ടികയില്‍ ഉള്‍പ്പെട്ടതാണ്. പുതിയ ഭേദഗതിയിലൂടെ സംസ്ഥാന സര്‍ക്കാരുകളെയും സംസ്ഥാന സഹകരണ രജിസ്ട്രാര്‍മാരെയും പൂര്‍ണമായും മറികടന്ന്
പ്രാദേശികസംഘങ്ങളിലേക്ക് നേരിട്ട് ഇടപെടാം. ഇത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
സ്വകാര്യ- കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ കടന്നുകയറ്റമാണ് മറ്റൊരു ആശങ്ക. സഹകരണ ധനസഹായങ്ങള്‍ 'അംഗങ്ങളാല്‍ നടത്തുന്ന, അംഗങ്ങള്‍ക്കുവേണ്ടിയുള്ള' സംഘങ്ങള്‍ക്കുമാത്രമുള്ളതാണ്. എന്നാല്‍, ഭേദഗതിയില്‍ 'സഹകരണവികസനത്തിനായി പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികള്‍/സ്ഥാപനങ്ങള്‍' എന്ന വിശാല നിര്‍വചനം ഉള്‍പ്പെടുത്തിയതോടെ, സ്വകാര്യവ്യക്തികള്‍ക്കും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും എന്‍സിഡിസി ഫണ്ടും ഓഹരിപങ്കാളിത്തവും കൈവശപ്പെടുത്താനാകും. ഇത് യഥാര്‍ത്ഥ സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കവരും. മാത്രമല്ല, നബാര്‍ഡ്, പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനമേഖലകളുമായി എന്‍ സി ഡി സി ഫണ്ടുകള്‍ കൂടിക്കലരും.
ജനാധിപത്യ സ്വയംഭരണത്തിന്റെ തകര്‍ച്ചയാണ് മറ്റൊരു പ്രധാന വിഷയം. ഭരണസമിതികള്‍ക്കും അംഗങ്ങള്‍ക്കും പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, എന്‍സിഡിസി നേരിട്ട് വായ്പ നല്‍കുമ്പോള്‍
മുന്നോട്ടുവയ്ക്കുന്ന കടുപ്പമേറിയ ഉപാധികളും കേന്ദ്രനിയമങ്ങളും പ്രാദേശിക ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വയംഭരണ സ്വാതന്ത്ര്യത്തിന് കോട്ടംതട്ടും.
ഗ്രാമീണ പ്രാഥമിക സംഘങ്ങളള്‍ പാര്‍ശ്വവത്ക്കരിക്കപ്പെടാന്‍ ഇത് കാരണമാകുന്നുണ്ടെന്നാണ് മറ്റൊരു വിലയിരുത്തല്‍. ധനസഹായത്തിന് എന്‍സിഡിസി ആവശ്യപ്പെടുന്ന കര്‍ശനമായ ഈടുകള്‍ കാരണം, വലിയ സാമ്പത്തികശേഷിയുള്ള സ്വകാര്യ കമ്പനികള്‍ക്കും വലിയ സൊസൈറ്റികള്‍ക്കും പണം ലഭിക്കാന്‍ എളുപ്പമാകും. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന ഗ്രാമീണ പ്രാഥമിക കര്‍ഷക സഹകരണസംഘങ്ങള്‍ വായ്പപദ്ധതികളില്‍നിന്ന് പുറന്തള്ളപ്പെടാന്‍ സാധ്യതയേറെയാണ്.
വളരെ പ്രധാനപ്പെട്ട ആശങ്ക വകുപ്പ് 13എയുടെ കൂട്ടിച്ചേര്‍ക്കലാണ്. റിസര്‍വ് ബാങ്ക്, വാണിജ്യ ബാങ്കുകള്‍, മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയുമായി ക്രെഡിറ്റ് വിവരങ്ങള്‍ പങ്കിടുന്നതിനും ശേഖരിക്കുന്നതിനുമുള്ള വ്യക്തമായ അധികാരം സെക്ഷന്‍ 13എയില്‍ പറയുന്നു. ഇത് കര്‍ഷകര്‍ക്ക് വലിയ ഭീഷണിയാകും. വിളനാശം, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം കര്‍ഷകര്‍ക്ക് ലോണ്‍ പെട്ടെന്ന് തിരിച്ചടക്കാന്‍ കഴിഞ്ഞെന്ന് വരില്ല. 13എ വകുപ്പനുസരിച്ച് തിരിച്ചടവ് മുടങ്ങുന്ന വിവരങ്ങള്‍ തത്സമയം സിബില്‍ പോര്‍ട്ടലിലേക്ക് എത്തും. ഇതോടെ കര്‍ഷകരുടെ 'ക്രെഡിറ്റ് സ്‌കോര്‍' കുറയും. പിന്നീട് വായ്പകള്‍ നേടുന്നതിന് ഇത് തിരിച്ചടിയാകും.
13എ വകുപ്പുപ്രകാരം റിസര്‍വ് ബാങ്ക്, സിബില്‍, വാണിജ്യ ബാങ്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വായ്പവിവരങ്ങള്‍ പങ്കുവയ്ക്കാന്‍ എന്‍സിഡിസിക്ക് നിയമപരമായ അധികാരം ലഭിക്കും. കേന്ദ്രീകൃതശൃംഖലയിലേക്ക് പോകുന്നതോടെ, പ്രാദേശിക ഭരണസമിതികള്‍ക്കുള്ള സ്വതന്ത്ര അധികാരം ഇല്ലാതാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.



Comments (0)
Add a Comment