വന്ദേ ഭാരതിൽ സഹകരണ രുചി; റെയിൽവേ കാറ്ററിങ്ങിലേക്ക് നാഫെഡ്
ശ്യാം സരസ്വതി
ന്യൂഡൽഹി: കാർഷിക, ഗ്രാമീണ വായ്പാ മേഖലയിലെ പരമ്പരാഗത പങ്കിനപ്പുറം രാജ്യത്തിന്‍റെ വിവിധ സാമ്പത്തിക മേഖലകളിലേക്ക് സഹകരണ മേഖലയുടെ സാന്നിധ്യം വ്യാപിക്കുന്നു. ഇതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED) റെയിൽവേ കാറ്ററിങ് മേഖലയിലേക്ക് പ്രവേശിക്കുന്നത്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് നാഫെഡ് വഴി ഭക്ഷണം വിതരണം ചെയ്യുന്നതിനാണ് പദ്ധതി. ഇതോടെ കർഷക ഉൽപ്പന്നങ്ങളുടെ വിപണനം, സംഭരണം, സംസ്കരണം, ചില്ലറ വിൽപ്പന തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നാഫെഡിന്‍റെ ബിസിനസ് പോർട്ട്‌ഫോളിയോയ്ക്ക് പുതിയ മാനം കൈവരും.
സഹകരണ മേഖലയ്ക്ക് പുതിയ വിപണികൾ
രാജ്യത്തെ സഹകരണ സ്ഥാപനങ്ങളെ സാമ്പത്തിക വളർച്ചയുടെ പ്രധാന പങ്കാളികളാക്കുകയെന്ന വിശാലമായ നയത്തിന്‍റെ ഭാഗമായാണ് ഇത്തരം വൈവിധ്യവൽക്കരണ നീക്കങ്ങൾ. ക്ഷീര, ഭവനം, മത്സ്യബന്ധനം, പഞ്ചസാര, ഉപഭോക്തൃ സേവനം, വിപണനം, സംസ്കരണം തുടങ്ങി വിവിധ മേഖലകളിലായി എട്ട് ലക്ഷത്തിലധികം സഹകരണ സംഘങ്ങളാണ് രാജ്യത്തുള്ളത്. കർഷകരുമായും ഉൽപാദക സംഘടനകളുമായും നേരിട്ട് ബന്ധമുള്ള സഹകരണ സ്ഥാപനങ്ങൾക്ക് പുതിയ ഉപഭോക്തൃ വിപണികൾ തുറക്കുന്നതിലും റെയിൽവേ കാറ്ററിങ് പദ്ധതി നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
നാഫെഡിന്‍റെ പ്രവർത്തനം
കാർഷിക സംഭരണത്തിനും വിപണനത്തിനും പുറമെ ചില്ലറ വിൽപ്പന, സ്ഥാപനങ്ങൾക്ക് പലചരക്ക് ഉൽപ്പന്ന വിതരണം, ജൈവ ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനം തുടങ്ങിയ മേഖലകളിലും നാഫെഡ് സജീവമാണ്. രാജ്യത്തുടനീളമുള്ള 1,200-ലധികം എഫ്.പി.ഒകളുടെ വികസനത്തിനും നാഫെഡ് പിന്തുണ നൽകുന്നുണ്ട്. വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിലെ നാഫെഡിന്റെ സാന്നിധ്യം ഒരു കാറ്ററിങ് കരാറിനപ്പുറം സഹകരണ മേഖലയുടെ വളരുന്ന സാമ്പത്തിക പങ്കാളിത്തത്തിന്‍റെ പ്രതീകമാകുകയാണ്. ഉൽപാദനം മുതൽ ഉപഭോക്താവിലേക്കുള്ള വിതരണ ശൃംഖലയിൽ സഹകരണ സ്ഥാപനങ്ങൾക്ക് കൂടുതൽ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാനുള്ള സാധ്യതയും ഇത് തുറക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment