സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ പ്രതിസന്ധികൾ പരമ്പര തുടരുന്നു - ഭാഗം : 6

വൈവിധ്യവത്കരണം സഹകരണ മേഖലയിൽ വളരെ അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.  വൈവിധ്യവത്കരണം നടപ്പിലാക്കാതെ സഹകരണ ബാങ്കുകൾക്ക് ഇനി മുന്നോട്ടു പോകാനും കഴിയില്ല. സഹകരണ മേഖലയിൽ വൈവിധ്യവത്കരണത്തിന് അനന്ത സാധ്യതയുമുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും സഹകരണ മേഖലയിൽ വൈവിധ്യവത്കരണം നടപ്പിലാക്കുന്നതിന് ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മിക്കവാറും ഇത്തരം പ്രശ്നങ്ങൾ തന്നെയാണ് പല വൈവിധ്യവത്കരണ പദ്ധതികളും മുന്നോട്ടു പോകുന്നതിന് തടസ്സമായി വരുന്നത്.
            ഈ വിഷയത്തെ കുറിച്ച് നിരവധി വൈവിധ്യവത്ക്കരണ പദ്ധതികൾ നടപ്പിലാക്കി  വിജയം വരിച്ച  കേരളത്തിലെ ശ്രദ്ധേയമായ  ബാങ്കുകളിലൊന്നായ ഒക്കൽ  സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റായി 15 വർഷക്കാലം പ്രവർത്തിച്ച  പ്രമുഖ സഹകാരി കെ .ഡി  ഷാജി പറയുന്നു.
വൈവിധ്യവത്കരണം അനിവാര്യമായ ഒന്നാണ്.  സഹകരണ മേഖലയിൽ  മാത്രമല്ല എല്ലാ മേഖലകളിലും വേണ്ടതാണ്. ജനാധിപത്യത്തിന്റെ  എല്ലാ സൗകര്യങ്ങളും, അധികാര വികേന്ദ്രീകരണവും, സമ്പന്നതയുമുള്ള, ലോകത്തു തന്നെ നല്ലൊരു നാട്ടിൽ ജീവിക്കുന്ന നമ്മൾ നിലവിലുള്ള എല്ലാ സാധ്യതകളുടെയും  അടുത്ത ഘട്ടത്തിലേക്ക്  കടക്കണം, ഇല്ലെങ്കിൽ മുരടിച്ചു പോവും.

സർക്കാർ സംവിധാനങ്ങളിലൊക്കെ ഇക്കാര്യത്തിൽ കുറെ കൂടി വേഗത വേണമെന്നാണ് എന്റെ അഭിപ്രായം. വേഗത്തിൽ കാര്യങ്ങൾ ചെയ്തു തരുന്നതിനുള്ള നടപടികൾ ഡിപ്പാർട്മെൻറിന്റെ ഭാഗത്തു നിന്നുണ്ടാകണം. സഹകരണ സ്ഥാപനം ചെയ്യുമ്പോൾ മറ്റു ബിസിനസുകാർ ചെയ്യുന്നതുപോലെ തുടക്കം തന്നെ ലാഭമുണ്ടാകണമെന്നില്ല. ഈ സാഹചര്യത്തിൽ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും സാമ്പത്തിക സഹായം ആവശ്യമാണ്. സഹായം ലഭിക്കുന്നുണ്ട്, ഞങ്ങളുടെ ബാങ്കിന് തന്നെ അമ്പത് ലക്ഷം രൂപ സബ്‌സിഡി ലഭിച്ചിട്ടുണ്ട്. നന്നായി ഉപയോഗപ്പെടുത്തുന്നവർക്ക് പണം കിട്ടിയാൽ അത് സമൂഹത്തിനും ഗുണമായിട്ട് വരും.

പദ്ധതികൾക്ക് അനുമതി കിട്ടാനും മറ്റും ചില പരിമിതികളും ബുദ്ധിമുട്ടുകളും വരുന്നുണ്ട്. ചില നിയമ വ്യവസ്ഥകൾ കുറച്ചു കൂടി ലളിതമാക്കിയാൽ നന്നാകും. ഇതിനെല്ലാമപ്പുറത്ത്, സഹകരണ മേഖലയിലെ എന്റെ  17 വർഷത്തെ അനുഭവത്തിൽ പറയുകയാണെങ്കിൽ  ഭരണ സമിതി ജനാധിപത്യപരവും സത്യസന്ധവുമായിരിക്കണം. മികച്ച പ്രവർത്തനം  കാഴ്ചവെക്കണം. സെക്രട്ടറി മുതൽ ഉദ്യോഗസ്ഥ തലത്തിലുള്ളവർ ഇതിനൊപ്പം ചേർന്ന് ഒരു ടീമായി രൂപപ്പെട്ടാൽ ഏതു കാര്യവും നമുക്ക് ഏറ്റെടുക്കാൻ കഴിയും.വൈവിധ്യവത്കരണത്തിന് നിരവധി സാധ്യതകളുണ്ട്.  സഹകരണ സംഘങ്ങൾ ഇപ്പോൾ കാർഷിക മേഖലയിലും ഇടപെടുന്നുണ്ട്. ഇത് സമൂഹത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നതിൽ സംശയമില്ല. ഞങ്ങൾ കഴിഞ്ഞ 4  വർഷമായി നെൽ കൃഷി ചെയ്യുന്നുണ്ട്.മറ്റൊരിടത്ത് കൊണ്ടുപോയാണ് നെല്ല്കുത്തി കൊണ്ടു വരുന്നത്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഞങ്ങളുടെ അടുത്ത പദ്ധതി സ്വന്തം നിലയിൽ ഫാക്ടറി തുടങ്ങുക എന്നതാണ്. അതിനു വേണ്ടി നബാർഡിന്റെ  ഒരു ശതമാനം പലിശയിലുള്ള  വായ്‌പ ലഭ്യമാക്കിയിട്ടുണ്ട്.സഹകരണ ബാങ്കുകളിലെ ജനപ്രതിനിധികൾ കച്ചവടം ചെയ്തു പരിചയമുള്ളവരല്ല. അതുകൊണ്ട് തന്നെ ആ മേഖലയിൽ  പരിചയ സമ്പന്നതയുള്ളവരുടെ  സേവനം ഞങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.ഉദാഹരണമായി, ഒക്കൽ സഹകരണ ബാങ്ക്  സ്വന്തമായി ഒരു കൃഷി ഓഫീസറെ വെച്ചിട്ടുണ്ട്. നിയമത്തിൽ ഭേദഗതി വരുത്തി അത്തരം കാര്യങ്ങളൊക്കെ ഡിപ്പാർട്മെൻറ് ചെയ്തു തരുന്നുണ്ട്.കാലത്തിനനുസരിച്ച് സഞ്ചരിക്കുക, നൂതന ആശയങ്ങൾ നടപ്പിലാക്കുക, ടീം ആയി പ്രവർത്തിക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈവിധ്യവത്ക്കരണം കൊണ്ട് അത്ഭുതങ്ങൾ നടത്താൻ സഹകരണ സംഘങ്ങൾക്ക് സാധിക്കും, ഉറപ്പ്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click